പോളണ്ടിനെ തോല്‍പ്പിച്ച തൂശന്റെ വിജയകഥ

by Business Periscope
688 views

പോളണ്ടിനെ തോല്‍പ്പിച്ച തൂശന്റെ വിജയകഥ

"പ്രകൃതി സൗഹൃദമായ തൂശനിലയില്‍ ഭക്ഷണം കഴിക്കുന്ന മലയാളിയുടെ ഉത്പന്നമായി അറിയപ്പെടണം എന്ന ആഗ്രഹത്തിലാണ് തൂശനെന്ന് ബ്രാന്‍ഡിന് പേര് നൽകിയത്."

വിനയ് ബാലകൃഷ്ണനുമായുള്ള സംഭാഷണത്തിൽ

ഫൗണ്ടർ, തൂശൻ

കഴിച്ച പ്ലേറ്റ് കളയേണ്ട, കഴിക്കാം!

ഈ സംരംഭകനെ കുറിച്ചു അഭിമാനമാണ് തോന്നുക. പാശ്ച്യാത്യരെ പോലും അമ്പരപ്പിച്ചു കളഞ്ഞു ഈ സംരംഭകന്‍ അദ്ദേഹത്തിന്റെ ഉൽപ്പന്നം കൊണ്ട്..അത്  എന്താണന്നല്ലേ, കഴിച്ചു കഴിഞ്ഞാല്‍ കഴിക്കാവുന്ന പ്ലേറ്റ്. വലിച്ചെറിഞ്ഞാല്‍ അത് തീർത്തും പ്രകൃതിയില്‍ അലിഞ്ഞു ചേരും. മൈനസ് ഡിഗ്രിയിലും ഉയര്‍ന്ന ചൂടിലും ഈ  പ്ലേറ്റ് ഉപയോഗിക്കാം. പ്ലാസ്റ്റിക്കിന് പകരം എന്ത് എന്ന ചോദ്യത്തിനാണ് എറണാകുളം കാക്കനാട് സ്വദേശിയായ വിനയകുമാര്‍ ബാലകൃഷ്ണന്‍ എന്ന സംരംഭകന്‍ തൂശന്‍ എന്ന ബ്രാന്റിലൂടെ ഉത്തരം നല്‍കിയത്.

തൂശന്‍ ഹിറ്റായ വഴി

ഇന്ന് ഇന്ത്യയില്‍ ഏറെ ജനപ്രിയമായി മാറിക്കൊണ്ടിരിക്കുന്ന തൂശന്‍ പ്ലേറ്റുകള്‍ക്ക് പിന്നില്‍ വര്‍ഷങ്ങള്‍ നീണ്ട അന്വേഷണത്തിന്റെയും പരിശ്രമത്തിന്റെയും വലിയൊരു കഥയുണ്ട്. മൗറീഷ്യസില്‍ ഉദ്യോഗസ്ഥനായിരുന്ന വിനയകുമാര്‍ വിദേശത്തു വച്ചാണ് ആദ്യമായി ഗോതമ്പ് പ്ലേറ്റ് കാണുന്നത്. മികച്ചൊരു ഉല്‍പ്പന്നമെന്ന് അന്നേ വിനയകുമാര്‍ ഉറപ്പിച്ചു. കേരളം പോലൊരു സംസ്ഥാനത്ത് പ്രകൃതിക്കിണങ്ങിയ ഉല്‍പ്പന്നം നല്ലതായിരിക്കുമെന്ന് ചിന്തിച്ചു. കേരളത്തിലേക്ക് ഈ പ്ലേറ്റുകള്‍ ഇറക്കുമതി ചെയ്യാന്‍ ശ്രമിച്ചെങ്കിലും കമ്പനികള്‍ തയ്യാറായിരുന്നില്ല. എന്നാല്‍ പിന്നെ നാട്ടില്‍ നിര്‍മിക്കാന്‍ കഴിയുമോ എന്നായി ചിന്ത. ബാങ്ക് ഉദ്യോഗസ്ഥയായ ഭാര്യയും വിനയകുമാറും പിന്നെ ഗോതമ്പു തവിടു കൊണ്ടുളള പ്ലേറ്റിന് പിന്നാലെയുളള ഗവേഷണത്തിലായിരുന്നു. കേരള കാര്‍ഷിക സര്‍വകലാശാല, ഇന്‍ഡിഗ്രാം ലാബ്‌സ്, സിഎസ്‌ഐആര്‍ എന്നിവയില്‍ നിന്നും സാങ്കേതിക സഹായം ലഭിച്ചു. ഒടുവില്‍ അങ്കമാലിയിലെ ഫാക്ടറിയിലാണ് തൂശന്‍ പിറവിയെടുക്കുന്നത്. പ്രതിദിന ആയിരം പ്ലേറ്റുകള്‍ നിര്‍മിച്ചു തുടങ്ങി. ആദ്യ സമയങ്ങളില്‍ ഡിന്നര്‍ പ്ലേറ്റും സ്‌നാക് പ്ലേറ്റുമാണ് പുറത്തിറക്കിയത്. ഇന്ന് കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ തൂശന്‍ എന്ന ബ്രാന്റില്‍ പുറത്തിറക്കുന്നു. അരിപ്പൊടിയില്‍ നിന്ന് നിര്‍മിക്കുന്ന എഡിബിള്‍ സ്‌ട്രോയാണ് മറ്റൊരു ഉല്പന്നം. കോണ്‍ സ്റ്റാര്‍ച്ചും പ്ലാസ്റ്റികിന് പകരമുളള വിവിധ ബയോ ഡീഗ്രേഡബിള്‍ ക്യാരിബാഗുകളും തൂശന്‍ നിര്‍മിക്കുന്നുണ്ട്.

ഉപയോഗ ശേഷം കഴിക്കാം

കോൺ കപ്പുകള്‍ നാം കഴിക്കാറില്ലേ. അതു പോലെ തന്നെയാണ് തൂശന്‍ പ്ലേറ്റുകളും സ്‌ട്രോകളും. പ്ലേറ്റുണ്ടാക്കാന്‍ ഉപയോഗിക്കുന്ന ഗോതമ്പ് തവിട് മനുഷ്യന് കഴിക്കാന്‍ പറ്റുന്ന നിലവാരത്തിലുള്ളതുമാണ്. അതും അന്നന്ന് രാവിലെ ശേഖരിക്കുന്ന ഫ്രഷ് തവിട്. അതിനാല്‍ തന്നെയാണ് ഉപയോഗിച്ച ശേഷം പ്ലേറ്റും കഴിക്കാമെന്ന് ഉടമ വിനയകുമാര്‍ ഉറപ്പു നല്‍കുന്നത്. തൂശന്‍ പ്ലേറ്റില്‍ ആഹാരം കഴിച്ചാല്‍ രണ്ടാണ് ഗുണം. ആഹാരം കഴിക്കാം, കൂടെ വേണമെങ്കിൽ പ്ലേറ്റും കഴിക്കാം.

വലിച്ചെറിഞ്ഞാലും കുഴപ്പമില്ല

തിരക്കേറിയതാണ് കേരളത്തിലെ ഓരോ നഗരങ്ങളും. മാലിന്യ സംസ്‌കരണം വലിയ പ്രതിസന്ധിയാണ് നഗരങ്ങളിൽ സൃഷ്ടിക്കുന്നത്. ഈ വെല്ലുവിളികൾക്കുള്ള മറുപടിയാണ്  തൂശന്‍ പ്ലേറ്റുകള്‍. ഗോതമ്പ് തവിട് സംസ്‌കരിച്ചുണ്ടാക്കുന്നതിനാല്‍ തൂശന്‍ പ്ലേറ്റ് വലിച്ചെറിഞ്ഞാല്‍ പ്രകൃതിക്ക് ദോഷം സംഭവിക്കില്ല. ഈ പ്ലേറ്റുകള്‍ ഒറ്റതവണ മാത്രമേ ഉപയോഗിക്കാനാകൂ. ഉപയോഗ ശേഷം തൂശന്‍ ഉല്‍പ്പന്നങ്ങളായ പ്ലേറ്റും കോണ്‍ സ്റ്റാര്‍ച്ചും സ്‌ട്രോയും എല്ലാം തന്നെ വളമായും ഉപയോഗിക്കാം. വീട്ടില്‍ മത്സ്യങ്ങളെ വളര്‍ത്തുന്നുണ്ടെങ്കില്‍ അവയ്ക്കു തീറ്റയായും ഈ പ്ലേറ്റുകള്‍ നല്‍കാവുന്നതാണ്.

രണ്ട് കിലോ വരെ താങ്ങും

ഗോതമ്പ് തവിടില്‍ നിര്‍മിക്കുന്ന പ്ലേറ്റല്ലേ ! ഇതിന് ഭാരം താങ്ങാനാകൂമോ എന്നാണ് പലരുടെയും സംശയം. എന്നാല്‍, കേട്ടോളൂ ഒരു പ്ലേറ്റിന് 140 ഗ്രാം ഭാരമുണ്ട്. രണ്ടു കിലോ ഭക്ഷണം വരെ പ്ലേറ്റിന് താങ്ങാന്‍ സാധിക്കും. വെജിറ്റേറിയന്‍ ഭക്ഷണമാണ് പ്ലേറ്റിനുള്ളില്‍ വെച്ചതെങ്കില്‍ കന്നുകാലികള്‍ക്കു നല്‍കാം. ഇനി മാംസ ഭക്ഷണമാണെങ്കില്‍ പന്നികള്‍ക്കു തീറ്റയായും നല്‍കാം. ഇനി മറ്റൊരു ഗുണം കൂടിയുണ്ട്. ഉണങ്ങിയ പ്ലേറ്റ് വിറകായും എടുക്കാം. ബയോ ഗ്യാസ് പ്ലാന്റിലും ഈ പ്ലേറ്റ് നിക്ഷേപിക്കാം. മൈക്രോ വേവ് അവന്‍ പാചകത്തിനും പ്ലേറ്റ് ഉപയോഗിക്കാമെന്ന് പരീക്ഷിച്ചു വിജയിച്ചിട്ടുണ്ട്.

ശൈത്യകാലത്തും ഉപയോഗിക്കാം

ഏതു കാലാവസ്ഥയിലും ഉപയോഗിക്കാം എന്നതാണ് പ്രത്യേകത. മൈനസ് 10 മുതല്‍ 140 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില താങ്ങാന്‍ സാധിക്കുമെന്നതിനാല്‍ തൂശന്‍ പ്ലേറ്റുകള്‍ മൈക്രോവേവ് ചെയ്യാനും തടസ്സമില്ല. ബ്രെഡ് പോലെയാണ് ഈ പ്ലേറ്റുകളും. ഈര്‍പ്പം തട്ടിയാല്‍ ഫംഗസ് ബാധിക്കും. 12 ഇഞ്ച് വരെയുള്ള മൂന്ന് അളവുകളില്‍ പ്ലേറ്റ് നിര്‍മിക്കുന്നുണ്ട്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലുള്ളവര്‍ക്കായി വലിയ പ്ലേറ്റുകളും നിര്‍മിക്കുന്നു.

തൂശന്‍ ഇലയില്‍ നിന്ന് തൂശനിലേക്ക്

മലയാളിക്കു എന്നും പ്രിയപ്പെട്ടതാണ് തൂശനിലയിലെ ആഹാരം. അതിന്റെ പ്രത്യേതകള്‍ ഓരോന്നും വര്‍ണനാതീതമാണ്. ഈ തൂശന്‍ ഇലയാണ് വിനയകുമാറിനെ തൂശന്‍ എന്ന ബ്രാന്റിലേക്ക് എത്തിച്ചത്. പ്രകൃതി സൗഹൃദമായ തൂശനിലയില്‍ ഭക്ഷണം കഴിക്കുന്ന മലയാളിയുടെ ഉത്പന്നമായി അറിയപ്പെടണം എന്ന ആഗ്രഹത്തിലാണ് തൂശനെന്ന് ബ്രാന്‍ഡിന് പേര് നല്‍കിയതെന്ന് വിനയകുമാര്‍ പറയുന്നു. നിര്‍മാണത്തേക്കാള്‍ ബുദ്ധിമുട്ടായിരുന്നു തൂശന്‍ ഉത്പന്നങ്ങളുടെ വിപണനം. ആദ്യം ചെലവേറിയ ഉത്പന്നമായിരുന്നെങ്കിലും ഇപ്പോള്‍ താങ്ങാവുന്ന വിലയില്‍ തൂശന്റെ പ്ലേറ്റുകള്‍ സ്വന്തമാക്കാം. ഒറ്റത്തവണ പ്ലാസ്റ്റികിന്റെ നിരോധനം കൂടി വന്നതോടെ കുറച്ചുകൂടി സ്വീകാര്യതയായി. ഇപ്പോള്‍ നിരവധിപ്പേര്‍ ഇത്തരം പ്ലേറ്റുകള്‍ അന്വേഷിച്ചെത്താന്‍ തുടങ്ങി.

അരിപ്പൊടി സ്‌ട്രോ

അരിപ്പൊടിയില്‍ നിന്നാണ് സ്‌ട്രോ നിര്‍മിക്കുന്നത്. ആന്ധ്രപ്രദേശ് പോലുള്ള സംസ്ഥാനങ്ങളിലെ നെല്ല് കുത്തുന്ന മില്ലുകളില്‍ നിന്ന് പൊടിഞ്ഞുപോകുന്ന അരിയാണ് ശേഖരിക്കുന്നത്. മില്ലുടമകളുമായി വിനയകുമാര്‍ സംസാരിച്ച് പൊടുഞ്ഞുപോകുന്ന അരി ശേഖരിക്കാന്‍ തുടങ്ങി. അതില്‍ നിന്നുണ്ടാക്കുന്നതാണ് തൂശന്‍ സ്‌ട്രോകള്‍. ഇതില്‍ ഫുഡ് ഗ്രേഡ് കളറുകള്‍ ചേര്‍ക്കുന്നുണ്ട്. മൂന്ന് അളവുകളിലാണ് സ്‌ട്രോകളുടെ നിര്‍മാണം. കുടിച്ചു കഴിഞ്ഞാല്‍ സ്‌ട്രോയും കഴിക്കാം. പേപ്പര്‍ സ്‌ട്രോയെ അപേക്ഷിച്ച് തണുപ്പുള്ള പാനീയങ്ങളില്‍ എട്ട് മണിക്കൂര്‍ വരെ ഇത് മുക്കിവെച്ചാലും നശിച്ചുപോകില്ലെന്നതാണ് ഇവയുടെ പ്രത്യേകത.

പൂര്‍ണമായും ഓട്ടോമേറ്റഡ് (സബ് ഹെഡ്)പൂര്‍ണമായും ഓട്ടോമേറ്റഡ്

മികച്ച ഹൈജീനിലാണ് ഓരോ ഉല്‍പ്പന്നങ്ങളും നിര്‍മിക്കുന്നത്. മനുഷ്യന്റെ സ്പര്‍ശം പോലും ഉല്‍പ്പന്നങ്ങളില്‍ ഇല്ല. ഉല്‍പ്പന്നങ്ങളുടെ നിര്‍മാണത്തെ കുറിച്ച് ആലോചിച്ചപ്പോള്‍ തന്നെ പൂര്‍ണമായും ഹൈജീനിക് ആവണമെന്ന് വിനയകുമാര്‍ ആലോചിച്ചിരുന്നു. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ സി.എസ്.ഐ.ആറുമായി ചേര്‍ന്നാണ് ഗവേഷണം നടത്തിയത്. കേന്ദ്രസര്‍ക്കാരിന്റെ പിന്തുണയോടെ ഫണ്ടും മെഷിനറികളും നല്‍കി. ഒന്നര വര്‍ഷത്തിന് ശേഷം ഗവേഷണത്തില്‍ തവിട് കൊണ്ട് പ്ലേറ്റ് നിര്‍മിക്കാനുള്ള സാങ്കേതികവിദ്യ കണ്ടെത്തി. ലാബിലുണ്ടായ പ്ലേറ്റ് നാട്ടിലിറക്കാനായി വേണ്ട മെഷീനുകള്‍ സുഹൃത്തുക്കളുമായി ചേര്‍ന്ന് തയ്യാറാക്കി. നിര്‍മാണം പൂര്‍ണമായും ഓട്ടോമേറ്റഡ് ആയിരിക്കണമെന്ന് അന്നേ നിര്‍ബന്ധമുണ്ടായിരുന്നു. മെഷീന്‍ നിര്‍മിക്കാന്‍ വലിയ ചെലവ് വന്നു. ഫുള്ളി ഓട്ടോമാറ്റിക് റോബോട്ടിക്  പ്ലാന്റില്‍ മനുഷ്യസ്പര്‍ശമേല്‍ക്കാതെ നിര്‍മിക്കുന്നവയാണ് തൂശന്റെ എല്ലാ ഉല്‍പ്പന്നങ്ങളും. അങ്കമാലിയില്‍ പ്ലാന്റ് സ്ഥാപിച്ചതിന് പിന്നിലും ചില കാര്യങ്ങളുണ്ട്. പ്ലേറ്റ് നിര്‍മിക്കുന്നതിനുള്ള അസംസ്‌കൃത വസ്തുക്കളുടെ ലഭ്യത കണക്കിലെടുത്താണ് അങ്കമാലിയില്‍ പ്ലാന്റ് സ്ഥാപിച്ചത്.  

46-ാം വയസില്‍ പിറന്ന ബ്രാന്റ്

പ്രായം വെറും നമ്പര്‍ മാത്രമാണെന്ന് തെളിയിച്ചിരിക്കുകയാണ് വിനയകുമാര്‍. റെയില്‍വേയിലെ ജോലിക്കും ടെറിട്ടോറിയല്‍ ആര്‍മിയിലെ സന്നദ്ധ സേവനത്തിനും ശേഷം രണ്ട് ബാങ്കുകളിലും ഇന്‍ഷുറന്‍സ് കമ്പനിയിലും വിനയകുമാര്‍ ബാലകൃഷ്ണന്‍ ജോലി ചെയ്ത ശേഷമാണ് ബിസിനസിലേക്കെത്തിയത്. കോര്‍പറേറ്റ് ജീവിതം 45ാം വയസില്‍ അവസാനിപ്പിക്കാനും 46ാം വയസുമുതല്‍ ലോകം മുഴുവന്‍ യാത്ര ചെയ്യാനുമായിരുന്നു തീരുമാനം. മൗറീഷ്യസില്‍ ഒരു ഇന്‍ഷുറന്‍സ് കമ്പനിയുടെ സിഇഒ ആയി ജോലി ചെയ്തിരുന്ന കാലത്താണ് ഒരു യാത്രയ്ക്കിടയില്‍ ഒരു തരം പ്ലേറ്റ് കണ്ടത്. ഇത് വിനയകുമാറിനെ ഏറെ ആകര്‍ഷിച്ചു. തവിടു കൊണ്ട് നിര്‍മിച്ചതായിരുന്നു അത്. അന്വേഷണത്തില്‍ അത് പോളണ്ടില്‍ നിര്‍മിക്കുന്നതാണെന്ന് മനസിലായി. അവരോട് സംസാരിച്ചെങ്കിലും ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്നതിനോട് താല്‍പര്യമില്ലെന്ന് കമ്പനി അറിയിച്ചു. എന്നാല്‍, കേരളത്തില്‍ ഉല്‍പ്പാദിപ്പിച്ചിട്ടു തന്നെയെന്നായി വിനയകുമാര്‍. തുടര്‍ന്നു ഏറെ നാളത്തെ ഗവേഷണത്തിനൊടുവില്‍ തൂശന്‍ പിറന്നു. വാണിജ്യലാഭത്തിനൊപ്പം സാമൂഹ്യസാഹചര്യങ്ങളില്‍ പ്രയോജനകരവുമാകുകയാണ് തൂശന്‍ എന്ന ബ്രാന്റ്. പ്രകൃതിക്ക് ദോഷം വരാത്ത ഉല്‍പ്പന്നം നിര്‍മിച്ചതിന്റെ ആത്മസംതൃപ്തിയിലാണ് വിനയകുമാര്‍.

Contact

Website: https://www.freshtohome.com/

Email: customercare@freshtohome.com

Ph No: 1800-313-3302

You may also like

Leave a Comment

A premium media platform that comprehensively showcases exclusive journeys of brands, entrepreneurs and experienced professionals featuring their raison d’être with elegant articulation and highlights what sets their story apart.

For general queries and inquiries, reach out to us with your message

Address:

No. 6/858-M, 2nd Floor, Suite No. 699, Valamkottil Towers, Judgemukku, Kakkanad, Kochi – 682021

Subscribe our newsletter for latest news, service & promo. Let's stay updated!

Copyright @2023 Business Periscope – All Right Reserved.

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?